Monday, December 30, 2013

ആത്മഹത്യ

കണ്ണില്‍ കണ്ട വഴികളിലൊക്കെ തിരഞ്ഞു
എവിടെയാണ്, ശരീരം നഷ്ടപ്പെട്ടതെന്ന്.
കനവാണോ സത്യമാണോ
ഒരു രാത്രി അവളുടെ ശരീരം അപ്രത്യക്ഷമായി
നിലാവിന്‍റെ വെളിച്ചത്തില്‍
വെറുതേ കഥപറഞ്ഞിരുന്നപ്പോഴാണ്,
ചുവന്ന കണ്ണുള്ള ചെന്നായ വന്നത്.
അവന്‍റെ മൂര്‍ച്ചയുള്ള നഖങ്ങളില്‍
മാംസം പോറി പറ്റിയിരുന്നതും കണ്ടതാണ്
പിന്നീടെപ്പോഴോ നീണ്ട ഒരു ഉറക്കത്തിനൊടുവില്‍
അവളുടെ ശരീരം കാണാതെയായി.
പൊട്ടക്കിണറിലും സാരിത്തുമ്പിലും
സയനേഡ് കുപ്പിക്കരികിലും അവള്‍ സ്വയം തിരഞ്ഞു
ഒടുവില്‍ കണ്ടെത്തിയപ്പോള്‍
നഗ്നമായി കിടന്ന ശരീരത്തിനടുത്ത്
ഒട്ടിയ വയറുമായി ഒരു കുഞ്ഞു ശരീരം
തുറിച്ച കണ്ണില്‍ വിശപ്പിന്‍റെ നിലവിളി
അവളുടെ ശരീരത്തിന്, അപ്പോഴും ചൂടാറിയിരുന്നില്ല.
മുലപ്പാലിന്‍റെ മണം തിരഞ്ഞ് വിശപ്പിന്‍റെ
കൈകള്‍ അവളില്‍ അലഞ്ഞു കൊണ്ടേയിരുന്നു.
ശരീരമെന്നത് വിശപാറ്റുന്ന യന്ത്രമാണെന്ന് ആ തിരയിലിനൊടുവില്‍ അവള്‍ ഡയറിയുടെ അവസാന താളില്‍ കുറിച്ചു വച്ചു.
പിന്നെ ആത്മഹത്യ ചെയ്തു.

Sunday, December 29, 2013

അഷ്ടപദി

ഇടയ്ക്ക കൊട്ടാന്‍ വന്ന ചെക്കനോട് ഭഗവതിയ്ക്ക് അനുരാഗം തുടങ്ങിയത് ഉത്സവത്തിനാണ്.
ഏകാന്തതയുടെ എത്രയോ നേരങ്ങളില്‍ മരവിപ്പിന്‍റെ നിറമില്ലാത്ത നിമിഷങ്ങള്‍ എണ്ണിയെണ്ണി മടുത്തിരുന്നു.
ശ്രീകോവിലില്‍ നിന്ന് നോക്കുമ്പോള്‍ അവന്, സ്വര്‍ണത്തിന്‍റെ നിറം.
എരിയുന്ന ദീപം പകര്‍ന്ന മുഖവുമായി അങ്ങനെ ജ്വലിച്ചു നില്‍ക്കുമ്പോള്‍ ഭഗവതി അവനെ നോക്കിയിരുന്നു.
ഉത്സവത്തിന്‍റെ അവസാന ദിവസം മാറിലണിഞ്ഞിരുന്ന തെച്ചിപ്പൂ മാല പൂജാരി അവനു നല്‍കിയപ്പോള്‍ ഭഗവതി ചിരിച്ചു.
തെച്ചിയുടെ ഓരോ ഇതളിലും അടങ്ങാത്ത അനുരാഗത്തിന്‍റെ തീയുണ്ട്.
പിന്നീടവന്‍ വന്നില്ല.
ഓരോ ദിനവും ശ്രീകോവില്‍ തുറക്കുമ്പോള്‍ ഭഗവതി പുറത്തേയ്ക്ക് നോക്കി അവന്‍റെ മുഖം തിരഞ്ഞു.
ആ അനുരാഗത്തിന്‍റെ ചൂട് കൊണ്ടാകാം കരിയാത്ത തെച്ചി മാലയുമായി വന്‍ ഒരിക്കല്‍ നടയ്ക്കലെത്തിയത്.
ഏറെ നേരം കരിനീലിച്ച മുഖത്തേയ്ക്ക് നോക്കിയിരുന്നു
പിന്നെ അഷ്ടപദി പാടി...

"താമഥ മന്മഥഖിന്നാം
രതിരസഭിന്നാം വിഷാദസമ്പന്നാം
അനുചിന്തിതഹരിചരിതാം
കലഹാന്തരിതമുവാച സഖീ"

ശിലയില്‍ നിന്ന് ഉലഞ്ഞു വന്ന ഭഗവതീ ചൈതന്യം അവന്‍റെ ഇടയ്ക്കയില്‍ താളമായി
അവനോ തിരികെ മടങ്ങാനാകാത്ത ഒരു പ്രകാശത്തിലേയ്ക്ക് ഊര്‍ന്നു പോവുകയും.
പിന്നീട് അവന്‍ ഭഗവതിയുടെ നടയില്‍ നിന്ന് പോയിട്ടില്ലത്രേ...
രാവുകളില്‍ അവന്‍റെ കൈത്തണ്ടയില്‍ അവനറിയാതെ കിടന്നുറങ്ങി
ഭഗവതി അവനായി തീര്‍ന്നു...
പിന്നീടെന്നോ ശരീരത്തിനപ്പുറം കടന്ന് അവന്‍ അനുരാഗ നദിയില്‍ അലിഞ്ഞു ചേര്‍ന്നു.

Saturday, December 14, 2013

ഒറ്റയായ കവി


കവി ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍
കവിതയെ കുറിച്ചോര്‍ക്കുന്നു
ചിത്രശലഭങ്ങളെ ശ്രദ്ധിക്കുമ്പോള്‍
പ്രണയിനി നൃത്തം വയ്ക്കുന്ന പോലെ
കവിതയ്ക്കുള്ളിലെ മഴവില്ലിനെ
ആരാണ്, ശലഭമാക്കിയതെന്ന്
കവി ചോദിക്കുമ്പോള്‍
"അതു നീയല്ലേ പ്രിയനേ..."
എന്ന് മറുമൊഴി
പ്രണയിനി പാടുന്നു
കവി എഴുതിയ ശോകഗാനം
ആള്‍ത്തിരക്കിലൊറ്റയ്ക്ക് നിന്ന്
അയാള്‍ വീണ്ടും കവിത രചിയ്ക്കുകയാണ്.
ഇത്തവണ ദുഖത്തിന്‍റെ സത്യത്തെ കുറിച്ച്
"എന്‍റെ ദുഖം നരകത്തീയല്ല കവിത"യെന്ന്
കവി വിളിച്ചു കൂവുന്നു
ഒപ്പമുള്ള പ്രണയിനിയെ പോലും കാണാതെ
അയാള്‍ കവിത ചമച്ചു കൊണ്ടേയിരിക്കുകയാണ്.
തീയിലുരുകി
അകം വീര്‍ത്ത്
ഉറക്കെ കരഞ്ഞ്...
അപ്പോള്‍ പ്രണയിനിയോ,
അവനില്‍ അവളെ തിരഞ്ഞ് അവനിലലഞ്ഞു കൊണ്ടേയിരിക്കുകയും.

രൂപാന്തരീകരണം

ഒരു കുട്ടിയും ഉന്‍മാദിയും സന്ന്യാസിനിയുമായിരിക്കാന്‍ എത്ര ബുദ്ധിമുട്ടാണ്,
അതുകൊണ്ടാണ്, കാഷായ വസ്ത്രം അഴിച്ചു വച്ച് ഞാന്‍ കീറിപ്പറിഞ്ഞ വസ്ത്രമണിഞ്ഞ ഉന്‍മാദിനിയായത്.
ഇപ്പോള്‍ തീരെ മെലിഞ്ഞ് ആ വസ്ത്രവും പാകമാകാതെയിരിക്കുന്നു
വിട്ടു പോയ തുന്നലുകള്‍ക്കിടയിലൂടെ ഒളിച്ചു നോക്കി വഴിയാത്രക്കാര്‍ പരിഹസിച്ച് നടന്നു പോകുന്നു
കാണുന്നതൊക്കെ ഭ്രാന്തിന്‍റെ കുതിരവേഗങ്ങളായിരുന്നതു കൊണ്ട് അതു കണ്ടുമില്ല.
ഉന്‍മാദിനിയുടെ മരവിപ്പ് എത്ര വേഗമാണ്, കൊഴിഞ്ഞു പോയത്.
ഇന്ന് ഞാനൊരു കുട്ടിയാണ്...
ശകാരത്തില്‍ കണ്ണു നിറയുന്ന കുറുമ്പു കാട്ടി പൊട്ടിച്ചിരിക്കുന്ന ബാലിക.

ലെസ്ബിയന്‍ പ്രണയം

നീ ഞാനാകണോ 
അതോ ഞാന്‍ നീയോ
രണ്ടും ഒന്നല്ലേ എന്ന് ചോദിക്കരുത്
കാരണം നാം പെണ്ണുടലുകളാണ്.
പ്രണയത്തിന്‍റെ ലിംഗവ്യത്യസം
നമുക്കിടയിലില്ലല്ലോ
ഉടലിന്‍റെ വൈരുദ്ധ്യവും
നമ്മിലില്ല
മുഖം നോക്കുന്ന കണ്ണാടിയില്‍
ഞാനൊന്ന് കയറി ഇറങ്ങിയപ്പോള്‍
വളരെ പെട്ടെന്ന് നീയായി
നിന്‍റെ കണ്ണുകള്‍
നിന്‍റെ മുടി
നിന്‍റെ ചുണ്ടുകള്‍
ഒരു ചുംബനത്തില്‍ പാതിയൊഴിഞ്ഞ ചഷകം
നീയെന്നോടടുപ്പിക്കുമ്പോള്‍
നിന്‍റെ ചുണ്ടുകളുടെ മധുരം
മാത്രമാണ്, ഞാനോര്‍ത്തത്.
നിന്‍റെ മുടിയിഴകളുടെ സുഗന്ധം
മാത്രമാണെന്നെ ഉണര്‍ത്തിയത്...
എന്‍റേയും നിന്‍റേയും പ്രണയം
ഒരു കോടതി മുറിയില്‍ ഉടഞ്ഞുവോ?
പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന നമ്മുടെ ശരീരങ്ങള്‍ക്ക്
ഒന്നും മിണ്ടാനില്ല
പരസ്പരം ഒന്നാകാന്‍ കൊതിക്കുന്ന ഹൃദയങ്ങളുടെ കൂട്ടിന്‍റെ
തണലില്‍ നാമൊരുമിച്ചു തന്നെ...

Wednesday, December 4, 2013

നാലാം യുദ്ധം

യുദ്ധം വേണമെന്ന് അലമുറയിടുന്നവന്
ചരിത്രം പഠിപ്പിച്ചപ്പോള്‍ കിട്ടിയ മാര്‍ക്ക് നൂറില്‍ അഞ്ച്.
നെഞ്ചിലേയ്ക്ക് വെടിയുണ്ട തുളച്ചു കയറ്റാന്‍
പഠിപ്പിക്കുമ്പോള്‍ കൃത്യമായി ക്ലാസ്സില്‍
പോയതു കൊണ്ട് ആദ്യം സഹോദരനെ കൊല്ലാന്‍
കൈ വിറയ്ക്കാതെ പോയി.
ബുള്ളറ്റ് പ്രൂഫിന്‍റെ ചങ്കൂറ്റം കാണിച്ച്
നീയെത്ര നാള്‍ ഓടി നടക്കും?
നാലാം യുദ്ധം നിന്‍റെ ഉയിരെടുക്കുമ്പോള്‍
മറുവശത്ത് തോക്കേന്തിയത് നിന്‍റെ മാതാവ്
പെറ്റു വളര്‍ത്തിയതിനുള്ള പ്രായശ്ചിത്തം...

ആത്മാവിന്‍റെ സഞ്ചാരികള്‍ ...

വേദവ്യാസന്‍ ഒരു ഭ്രാന്തനോ
അതോ പെരും കള്ളനോ?
ഇതിഹാസത്തിനു വേണ്ടി മനസ്സു നല്‍കി
എന്ന തെറ്റല്ലാതെ വ്യാസനെന്തു ചെയ്തു?

ഏകദന്തന്‍ ഗണപതിയ്ക്ക് കിറുക്കാണോ
വ്യാസന്‍റെ മനസ്സിനെ അക്ഷരങ്ങളാക്കിയ
ശരീരമെന്നല്ലാതെ ഗണേശനെന്താണ്?

മനസ്സിന്‍റെ ഒരുപാതി കൊണ്ട് ചിന്തിക്കുകയും
മറുപാതികൊണ്ട് ധ്യാനത്തിലാവുകയും

ഒന്ന് ചിന്തയുടെ സൌന്ദര്യമെങ്കില്‍
മറ്റത് അറിവിന്‍റെ മഹാസാഗരം

വ്യാസനും ഗണേശനും ഒരാത്മാവിന്‍റെ
ഇരു ഭാഗമല്ലാതെ പിന്നെന്ത്?

ഒരു വ്യക്തിയുടെ ഇരു രൂപങ്ങളില്‍
അവര്‍ ഭാരതത്തെ കഥയാകുമ്പോള്‍
അവിടെ അവര്‍ കള്ളന്‍മാരും ചിന്തകരുമാകുന്നു
അതേ സമയം ഈശ്വരനും ലോകവുമാകുന്നു.

എഴുത്ത് ഇങ്ങനെയാണത്രേ...
ഒരേ സമയം ഈശ്വരനാകാനും കള്ളനാകാനും
ധ്യാനത്തിലാകാനും പ്രപഞ്ചമാകാനും
എഴുത്തുകാരന്, കഴിയുമത്രേ...

അനുഗ്രഹവും ശാപവും ഒരേ സമയം ഏറ്റു വാങ്ങുന്ന
ആത്മാവിന്‍റെ സഞ്ചാരികള്‍ ...

ഞാനൊരു ദേവദാസിയായിരുന്നില്ല.

ദേവദാസി ആയതോ തെറ്റ്...
അമ്മയുടെ ഹൃദയത്തിന്‍റെ കനം 
കാണാതെ അച്ഛന്‍ തലപ്പാവ് വയ്ക്കുമ്പോള്‍
ഞാനൊരു ദേവദാസിയായിരുന്നില്ല.

ഒരു വ്യാഴവട്ടം വരണ്ട മണ്ണില്‍
എരിഞ്ഞുണങ്ങിയിട്ടും
പൊട്ടിയ ചുണ്ടില്‍ ഒരിറ്റു ദാഹജലവുമായി
പല കയ്യുകള്‍ വന്നിട്ടും
ഞാനൊരു ദേവദാസിയായിരുന്നില്ല

പ്രണയത്തിന്‍റെ അഗ്നികോണില്‍ അവനെ നോക്കിയപ്പോള്‍
അവനൊരു മഴത്തുടിപ്പായി
പിന്നീടെപ്പോഴോ അവനിലുലഞ്ഞുപോയ
വെറുമൊരു പെണ്ണായി
എന്നിട്ടും,
ഞാനൊരു ദേവദാസിയായിരുന്നില്ല


ഹൃദയം ചുട്ടെരിയുമ്പോഴും
വൈശാലിയിലെ മേഘങ്ങള്‍ പൊട്ടിത്തകരുമ്പോഴും
പ്രണയിച്ചവന്‍ മറ്റൊരുത്തിയുടെ കരം ഗ്രഹിക്കുമ്പോഴും
ഒന്നും,
ഞാനൊരു ദേവദാസിയായിരുന്നില്ല

ഒരു മഴപെയ്തു തോര്‍ന്ന ഈ തീരത്ത് തനിച്ചിരുന്നപ്പോഴും
കണ്ണുനീര്‍ ധാരയായപ്പോഴും
ജീവനുണ്ടോ ഇല്ലയോ എന്ന മിടിപ്പറിയാതെ ഇരുന്നപ്പോഴും
ഞാനൊരു ദേവദാസിയായിരുന്നില്ല.

ഇപ്പോഴിതാ കൊട്ടിയടച്ച അമ്പലനടയില്‍
സ്വയം നേദ്യമായി നില്‍ക്കുമ്പോള്‍
മണിയടിച്ച് നട തുറന്ന ദൈവത്തിനു മുന്നില്‍
ഞാന്‍ ദാസിയാകുന്നു
പ്രാണനും പ്രണയവും ഇനി നീ തന്നെ...
പ്രണവവും ലോകവും ഇനി നീ തന്നെ...
നാരായണാ

യാത്രയാകട്ടെ ഞാന്‍ ...

എത്ര നാളായി ഒരു പ്രണയലേഖനം കുറിച്ചിട്ട്, നിനക്കൊന്നും വേണ്ടിയിരുന്നില്ലല്ലോ. മുറിവേല്‍ക്കാത്ത ഒരു ഹൃദയം മാത്രം മതിയായിരുന്നു നിനക്ക്.
അക്ഷരങ്ങള്‍ എന്നില്‍ നിന്ന് പ്രണയമായേ പുറത്തൊഴുകിയിരുന്നുള്ളൂ,
ഹൃദയം പിടയുന്നത് ഞരമ്പുകള്‍ക്ക് നോവാന്‍ വേണ്ടി മാത്രമായിരുന്നു...
ഈശ്വരന്‍റെ മുഖം മാറിയത് പ്രണയത്തിന്‍റെ ഒരിടവേളയില്‍
പഞ്ചാക്ഷരവും ആദിത്യഹൃദയവും മൌനാക്ഷരങ്ങളായി
ധ്യാനത്തിലിരിക്കുന്നത് സ്വയം നോവാന്‍ വേണ്ടി മാത്രമായി
ബാക്കിയായത് മിടിപ്പ് അധികമായ ഒരു പ്രാണഞരമ്പ്
അതിനുള്ളിലൂടെ അമിതവേഗതയില്‍ രക്തമൊഴുകുമ്പോള്‍ ഉണ്ടാകുന്ന ഉടല്‍ നോവുകള്‍...
ഇത്ര പ്രിയമുള്ള ഒരു നോവുണ്ടാകുമോ?
ഇത്ര പ്രാണനായ ഒരു സുഖമുണ്ടോ?
ആത്മാവ് ആത്മാവിനെ തിരിച്ചറിയുമ്പോള്‍ അവ ഇഴുകി ചേര്‍ന്ന് ഒന്നായി മാറുന്ന മുക്തിയ്ക്കായുള്ള കാത്തിരിപ്പ്...
അതു മാത്രമാണിനി...
തൊട്ടടുത്തുള്ള ഒരു ഉടലിനെ ചേര്‍ത്തു വയ്ക്കാം
പക്ഷേ തൊട്ടടുത്തുള്ള ഒരാത്മാവിനോട് ചേരാന്‍ ഉടലുപേക്ഷിക്കണം...
യാത്രയാകട്ടെ ഞാന്‍ ...
തപസ്സിലേയ്ക്കുള്ള ദൂരം നടന്നു തന്നെ തീര്‍ക്കണം.

ചില ദൈവങ്ങള്‍ കരയാറുണ്ട്

ചില ദൈവങ്ങള്‍ കരയാറുണ്ട്
അപ്പോള്‍ അവര്‍ക്ക് മനുഷ്യന്‍റെ ഛായയാവും.
ഓരോ കണ്ണുനീര്‍ തുള്ളിയിലും
ആനന്ദത്തിന്‍റെ ഉന്‍മാദമുണ്ടാകും.
അവര്‍ ഹൃദയം കൊണ്ട് ദൈവമായും
മുഖം കൊണ്ട് മനുഷ്യനായുമിരിക്കുന്നു.
അവരെന്നാല്‍ വാഴ്ത്തപ്പെടുന്നുമില്ല...
വിഷാദസ്വപ്നങ്ങളായി മണ്ണിലലിഞ്ഞ് തീരുകയല്ലാതെ...

രണ്ടു വരിക്കവിത

പുസ്തകത്തിലെവിടെയോ കുറിച്ചു വച്ച രണ്ടു വരിക്കവിത
പക്ഷിയായി പറന്നു പോകുന്നതു കണ്ടോ?
 

Saturday, October 26, 2013

ബലി തര്‍പ്പണം.

എന്‍റെ മരണത്തില്‍ ആരും അനുശോചിക്കാതിരിക്കട്ടെ.
അത്ര വിഷാദമുള്ളവര്‍ അടുത്ത ബാറില്‍ പോയി രണ്ടെണ്ണം വീശുക.
എന്നിട്ട് കിടന്നുറങ്ങുക.
ഉടലില്‍ അവശേഷിക്കുന്ന ബന്ധങ്ങളെ ആവശ്യക്കാരന്,
നല്‍കാന്‍ മറക്കരുത്...
കരളോ ഹൃദയമോ അതില്ലാത്തവനു തന്നെ നല്‍കുക.
അവശേഷിച്ച ദുര്‍മേദസ്സിനെ ചീയാന്‍ വിട്ടിട്ട് അവിടെയൊരു ഇലഞ്ഞി തൈ വയ്ക്കുക
ഉള്ളില്‍ കെടാതെ അവശേഷിക്കുന്ന പ്രണയത്തിന്‍റെ ഒരു നേര്‍ത്ത നാര്, ഇലഞ്ഞി വേരിലൂടെ പടര്‍ന്നു കയറും.
പുഷ്പിക്കുമ്പോള്‍ അലൌകികമായ പ്രണയത്തിന്‍റെ സുഗന്ധമതിനുണ്ടാകും.
വര്‍ഷത്തില്‍ മരണമോര്‍ക്കുന്നവര്‍ ഇലഞ്ഞി ചുവട്ടില്‍ വന്ന് ഒരു പൂവെടുത്ത് ചുംബിക്കുക
അതാകട്ടെ ഒരാത്മാവിനുള്ള ബലി തര്‍പ്പണം.

ബ്ലോക്കിങ്ങ്

എത്രയെത്ര ബ്ലോക്കുകളാണ്, ജീവിതത്തില്‍ ...?
തനിയെ ഡ്രൈവ് ചെയ്യുമ്പോള്‍ ചുവന്ന ബള്‍ബ്,
വളവു തിരിയുമ്പോള്‍ കാക്കിയുടുപ്പിട്ട ഒരാള്‍ ,
പള്ളിപ്പെരുന്നാളിന്, കയ്യുയര്‍ത്തുന്ന പ്രാദേശിക നേതാവ്...
പിന്നെയിപ്പോള്‍ മുഖപുസ്തകത്തിന്‍റെ ചുവന്ന ചക്രം.
ചില വെറുപ്പിന്‍റെ മുഖങ്ങളോടൊപ്പം എന്നാണ്, നീ ഏറെ ഇഷ്ടമുള്ള ഒരു മുഖത്തെ ബ്ളോക്ക് ചെയ്തത്?
കാണാതിരിക്കലിന്‍റെ സുഖമോ?
വിസ്മൃതിയുടെ സുഖമോ?
ഇനിയൊരിക്കലും ഓര്‍ക്കാതെയിരിക്കാം എന്നോ???
ഒരു ബ്ലോക്കിലൊതുങ്ങുമോ ഒരു കവിതയുടെ നീളം
വെറുതേ..
ചില ബ്ലോക്കുകളുടെ അര്‍ത്ഥം "ഇഷ്ടമേറെ" എന്നത്രേ...

Thursday, October 24, 2013

കുശവന്‍

തെരുവ് അവസാനിക്കുന്നിടത്ത് കഥ തുടങ്ങുന്നു.
മണ്ണില്‍ ജീവിതം മെനയുന്ന കുശവന്‍റേയും
പ്രതിമയ്ക്ക് ജീവന്‍ നല്‍കുന്ന ശില്‍പ്പിയുടേയും.
ആഭരണമില്ലാത്ത സ്ത്രീ ശരീരത്തിന്‍റെ ആകുലതകളെ
ഒരു പുഞ്ചിരിയില്‍ കഴുകി കളഞ്ഞ് തെരുവില്‍ നിന്നിറങ്ങുമ്പോള്‍ വില്‍പ്പനക്കാരന്‍റെ 
ചൂരല്‍കൊട്ടയിലെ ദേവിയ്ക്ക് സ്വര്‍ണത്തിന്‍റെ നിറം.
തെരുവ് അവസാനിക്കുന്നിടത്തു നിന്ന് 
ശില്‍പ്പിയും കുശവനും ജീവിക്കാന്‍ തുടങ്ങുന്നു.
വിളര്‍ത്ത കണ്ണുകളുടെ അവരുടെ പെണ്ണുങ്ങളെ
മെനഞ്ഞ ദേവിയുടെ അവതാരങ്ങളാക്കാന്‍ ശ്രമിക്കുന്നു.
തെരുവിലുള്ളത് വിശന്ന വയറുകളും
നഗരത്തിന്‍റെ മാലിന്യവും
ചിലപ്പോഴൊക്കെ ഒരിക്കല്‍ പൊട്ടിത്തെറിച്ച
ഒരു കൈബോംബിന്‍റെ തുണ്ടുവയറുകള്‍
ഒരിക്കല്‍ എന്തോ കയ്യിലെടുത്തപ്പോഴാണ്,
തെരുവിലെ മിടുക്കനായ കുശവന്‍ ബോംബു പൊട്ടി
കയ്യും മുഖവും തകര്‍ന്നത്.
അവന്‍റെ ജീവിതം ഇപ്പോഴും തെരുവില്‍ തുടങ്ങുന്നു
പിന്നെ അവിടെ തന്നെ ഒടുങ്ങുന്നു.
ഈയിടെയായി കുശവന്‍ ഒറ്റ കൈ കൊണ്ട് ബോംബ് നിര്‍മ്മിക്കുന്നുണ്ടത്രേ...

വിശപ്പ്...

ശരീരത്തിന്‍റെ വിശപ്പിനെ കുറിച്ചെഴുതുന്നവര്‍ ആത്മാവിന്‍റെ വിശപ്പ് കെട്ടവരോ?
നഗ്നതയുടെ ഉദാത്ത സൌന്ദര്യത്തില്‍ 
കഴുകന്‍ കണ്ണുകളുടെ ക്രൌര്യതയോടെ നോക്കുമ്പോള്‍
സൌന്ദര്യം വെറും ശരീരം മാത്രമാകുന്ന നിസ്സാരത
വിശപ്പിന്, പല പേരുകളുണ്ട്...
ഉടലിന്‍റെ വിശപ്പ്, ഉയിരിന്‍റെ വിശപ്പ്...
ഉച്ച നേരത്ത് ഉള്ളിലെവിടെയോ ആളിക്കത്തുന്ന ഒരു അഗ്നിഗോളം ഉടലിനും ഉയിരിനും അപ്പുറത്തു നിന്ന് ചൂളം കുത്തുന്നു.
ഇപ്പോള്‍ പറയൂ, എന്താണ്, വിശപ്പ്?
നഗ്നതയോ, സൌന്ദര്യമോ യുഗങ്ങളായി ഉള്ളിലെരിയുന്ന ഒരു തീച്ചൂളയോ?
പലര്‍ക്കും വിശപ്പ് പലതാണ്...
ഉള്ളവന്, ഇല്ലാത്തതിനോട് വിശപ്പ്
ഇല്ലാത്തവന് ഉദാത്തതയോടും വിശപ്പ്...

Tuesday, October 22, 2013

നഗ്നമാക്കപ്പെടുകയെന്നാല്‍ ഉടലിന്‍റെ വെളിപ്പെടുത്തലാണ്.

നഗ്നതയുടെ മുനമ്പുകളില്‍ അവള്‍ തലകുമ്പിട്ടിരുന്നു
അവകാശികളില്ലാത്ത ശരീരത്തില്‍ ചോരയുണങ്ങിയ പാടുകള്‍
കവിളിലെ ഉണങ്ങിയ നീരിന്, ആദ്യം മടുപ്പ് പിന്നെ നിശ്ചലത
വാക്കുകള്‍ കൊത്തിപ്പറിച്ച വസ്ത്രവും പേറി നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേയ്ക്ക് കിതപ്പോടെ ഓടുന്നവള്‍
ചോരവാര്‍ന്നുണങ്ങിയ മുറിപ്പാടുകള്‍ കരിഞ്ഞിരുന്നു
പക്ഷേ മാതൃത്വം നഷ്ടമായ ശരീരത്തിന്, ഇനിയാരു വിലയിടും?
അഭയത്തിനായി കരഞ്ഞപ്പോള്‍ ദാനം കിട്ടിയ
ഇത്തിരി വസ്ത്രത്തില്‍ എന്തു നഗ്നതയാണ്, മറയ്ക്കേണ്ടതെന്നറിയാതെ അവള്‍ വെറുതേയിരുന്നു
ക്ഷേത്രഗോപുരങ്ങളില്‍ മാറുമറയ്കകതെ നൃത്തം വയ്ക്കുന്ന
ചുവന്ന ശില്‍പ്പങ്ങളില്‍ അവള്‍ സ്വയം ഒളിപ്പിച്ചു
പിന്നെ....
പട്ടുടുത്ത് മേലാട ചാര്‍ത്തിയ ഭഗവാനേ തള്ളിപ്പറഞ്ഞു.
നഷ്ടമായത് ശരീരമോ മനസ്സോ
നഗ്നമാക്കപ്പെടുകയെന്നാല്‍ ഉടലിന്‍റെ വെളിപ്പെടുത്തലാണ്.
ലോകം മുഴുവന്‍ കണ്ണില്ലാതെ പരിഹസിക്കുന്നതോര്‍ത്ത് അപ്പോഴവള്‍ക്ക് ചിരി വന്നു
അന്നു മുതലാണ്, അവള്‍ ഒരു വിപ്ലവകാരിയായത്...

ശുഭ്രാംബികേ....

അക്ഷരങ്ങളെ സമര്‍പ്പിച്ച് പൂജിക്കാന്‍ തയ്യാറെടുക്കുന്നു...
തൂലികയും വാചകക്കൂട്ടങ്ങളും നേദിച്ച് അര്‍ച്ചന ചെയ്യണം
ഹരിശ്രീ എഴുതുമ്പോള്‍ ആദ്യക്ഷരം കുറിക്കുന്ന
കിടാവിനെ പോലെ ഹൃദയം തുടിച്ചുണരണം
വായനയും എഴുത്തും ഉപാസനാമൂര്‍ത്തികളാക്കുവാന്
വരം തരേണമേ മഹാഗുരുവേ............
അക്ഷരങ്ങളെ പൂജിച്ചു നമസ്കരിക്കാന്‍ എന്നും
തോന്നിക്കേണമേ ശുഭ്രാംബികേ....


ഹൃദയത്തിനു മുന്നില്‍ ഞാന്‍ തുറന്നു വയ്ക്കട്ടെ...

ഉണങ്ങിയ പൂക്കളും ഇലകളും ഓര്‍മ്മപ്പുസ്തകത്തില്‍ ആരും കാണാതെ സൂക്ഷിച്ചു വച്ചിരുന്നു...
ഇപ്പോള്‍ അത് നിന്‍റെ ഹൃദയത്തിനു മുന്നില്‍ ഞാന്‍ തുറന്നു വയ്ക്കട്ടെ...
അക്ഷരങ്ങളായി അത് അടര്‍ന്നു വീഴുമ്പോള്‍ നീയെന്നെ നിന്നിലേയ്ക്ക് ചേര്‍ത്തു വയ്ക്കും.
 

അമ്മയുടെ സ്നേഹം...

ഭ്രാന്തന്‍റെ നിലവിളിയ്ക്ക്
വിശപ്പിന്‍റെ ഗന്ധം
ഒറ്റയ്ക്കൊരുവള്‍ നിന്ന് പ്രണയം പാടുമ്പോള്‍
അവള്‍ക്കു ഇലഞ്ഞിപ്പൂ ഗന്ധം
തേങ്ങിക്കരയുന്ന കുഞ്ഞരിപ്പല്ലുകള്‍ക്ക്
ചൂടാറിയ പാലിന്‍റെ ഗന്ധം
പിടിച്ചു വലിക്കപ്പെട്ട മുടിയിഴകളില്‍
ഭ്രാന്തന്‍ തിരയുന്നത് കാണാതെ പോയ ജീവിതം
വീര്‍ക്കപ്പെട്ട ഹൃദയത്തില്‍ ഒറ്റപ്പെട്ടവള്‍
തിരയുന്നത് കനിവേറിയൊരു ധാര്‍ഷ്ട്യത്തെ
നിര്‍ത്താതെ നിലവിളിയ്ക്കുന്ന കുഞ്ഞിന്,
പറയാനുള്ളത് നിറവാര്‍ന്ന അമ്മയുടെ സ്നേഹം...

ഈവ ബ്രൌണ്‍ .

അവള്‍ ഒരു പ്രണയിനിയാണ്, അല്ല ആയിരുന്നു 
പ്രണയത്തിന്‍റെ അഹങ്കാരത്തില്‍ അഭിരമിക്കുന്നവള്‍ .ലോകം വിറപ്പിക്കുന്ന ഒരുവന്‍റെ ദുര്‍ബലത അവളില്‍ അവസാനിക്കുമ്പോള്‍ അവള്‍ക്ക് അഹങ്കരിക്കാം... 
ഒരു നഗരം ശപിച്ച പോരാളിയെ ഉടലിലും ഉയിരിലുമേറ്റിയവള്‍ ...
ഈവ ബ്രൌണ്‍ .
പുനരവതാരത്തിനായി അവള്‍ ഭൂമിയിലെ നിത്യശാന്തിയുടെ തീരത്തിലേയ്ക്ക് ഉറ്റുനോക്കുന്നു.
അവിടെ അവന്‍ കണ്ണില്‍ നിറയെ സ്നേഹം നിറച്ച് കാത്തിരിക്കുന്നു.
കഴിഞ്ഞു പോയ ജന്‍മത്തിന്‍റെ ആത്മശാന്തിയന്വേഷിച്ച് നിത്യശാന്തിയുടെ തീരങ്ങളില്‍ എത്തിയതാണവന്‍ ...
ഹിറ്റ്ലര്‍ -ഒരു യുഗത്തിന്‍റെ അന്തകന്‍
ഇപ്പോഴവന്‍ മറ്റൊരുവന്‍റെ കയ്യില്‍ പിടിച്ച് കാഴ്ച്ചകളില്ലാതെ ലോകം കാണാതെ പ്രിയപ്പെട്ടവളേയും തിരഞ്ഞലഞ്ഞു കൊണ്ടേയിരിക്കുന്നു...

സ്നേഹത്തിന്‍റെ കാളിന്ദി

വാര്‍ദ്ധക്യത്തിനു ഒരു മണമുണ്ട്,
ഉണങ്ങിയ തൊലിയുടെ മരവിച്ച ഗന്ധം.
ചിലപ്പോള്‍ കുഴിഞ്ഞിറങ്ങിയ കണ്ണുകളില്‍
ഒരു കടല്‍ കാണാം, എത്രയോ ആഴത്തില്‍
നീന്തി തുടിയ്ക്കാനാകുന്ന ഒരു കടല്‍
ഇളം പച്ച നിറത്തില്‍ കൃഷ്ണമണികള്‍
ഭൂതകാലത്തിന്‍റെ അടയാളപ്പെടുത്തലെന്ന് തോന്നും.
വരണ്ട ജരയുടെ ഭാരം നെറ്റി കടന്ന്
കഴുത്തിലേയ്ക്കിറങ്ങുമ്പോള്‍ അസ്ഥികള്‍ക്ക് തേയ്മാനം
ചുളിഞ്ഞ കൈവിരലുകളില്‍ ഒറ്റ രൂപാ നാണയം മുറുകെ പിടിച്ച് അടഞ്ഞ ശ്രീകോവിലിനെ നോക്കി വാര്‍ദ്ധക്യം വിലപിക്കുന്നു,
"ഈ ഭൂമിയുടെ വാര്‍ദ്ധക്യം ഞാനേറ്റെടുക്കാം
എന്‍റെ വാത്സല്യത്തിനു മുകളില്‍ ജരപടരരുതേ........!!!"
അടഞ്ഞ വാതിലിനപ്പുറമിരുന്ന് ഒരുണ്ണി കരയുന്നു,
പെറ്റമ്മ നഷ്ടപ്പെട്ട ഒരു പൊന്നുണ്ണി.
ഉണ്ണി വിളിയില്‍ ജരബാധിച്ച ചെവികള്‍
ഉലഞ്ഞ്, തെളിഞ്ഞ് പിന്നെ ഒരു കാളിന്ദിയായി...
അപൂര്‍ണമായ സ്നേഹത്തിന്‍റെ കാളിന്ദി

Monday, October 21, 2013

ഭ്രാന്തമായ സ്നേഹം

കണ്ണാടി ഗ്ലാസ്സിന്‍റെ വക്കുകളില്‍ പറ്റിയിരിക്കുന്ന ഒരു തുള്ളി സോഡാ നാരങ്ങാവെള്ളത്തിനുമുണ്ട് സ്നേഹം.
നമ്മിലേയ്ക്ക് ഒഴുകി ചേരാന്‍ കൊതിക്കുന്ന ഭ്രാന്തമായ സ്നേഹം

ചൂടും ചൂരുമുള്ള കവിത

കവിത പിറക്കുന്നത് ഉന്‍മാദികളുടെ 
ഹൃദയത്തില്‍ നിന്നാണത്രേ.
ഉച്ച വെയില്‍ പൊള്ളിച്ചു തുടങ്ങുമ്പോള്‍
മുടിയിഴകളില്‍ നിന്ന് ഉന്‍മാദം ഒലിച്ചു വരും.
മൌനത്തിന്‍റെ ഗന്ധത്തോടെ അത് 
മുഖത്തിന്‍റെ മദ്ധ്യത്തിലങ്ങനെ നൃത്തം ചവിട്ടും.
നിമിഷങ്ങള്‍ കാറ്റിനെ ചുംബിച്ചു കൊണ്ട്
കടന്നു പോകുമ്പോള്‍
മൌനത്തിന്‍റെ ഗന്ധം ഹൃദയത്തെ തുളച്ച് 
പിറവിയുടെ ആലയത്തില്‍ ഇണയെ തേടി അലയും.
പിന്നെയെപ്പൊഴോ ഒന്നാകലിന്‍റെ നോവില്‍
പിറക്കുകയായി ചൂടും ചൂരുമുള്ള കവിത..

Saturday, April 27, 2013

ന്യായാധിപന്‍തലസ്ഥാനം കത്തിയെരിയാന്‍ കാത്തിരിക്കുന്നു.
അപ്പോഴും വീണ വായിക്കുന്ന ന്യായാധിപന്‍
ഒരു പ്രതീകമത്രേ,
ഷണ്ഡത്വം പിടിച്ച് മരവിച്ച ഒരു സമൂഹത്തിന്‍റെ.
അഗ്നിഗോളങ്ങള്‍ വര്‍ഷിക്കുമ്പോള്‍ കരിഞ്ഞു പോയ മാംസപിണ്ഡങ്ങളില്‍ ഇനി തിരയാം പെണ്ണിന്‍റെ അവയവങ്ങളെ...

മതത്തിന്‍റെ നിലവിളികള്‍

 
മഴയുടെ അലമുറയില്‍ ഒഴുകി പോകുന്ന മതത്തിന്‍റെ നിലവിളികള്‍
മുറിവേല്‍ക്കുന്നത് മാനവനോ ദൈവത്തിനോ?
മതം പഠിപ്പിക്കുന്നിടത്ത്
ആയുധത്തിനു പകരം പ്രണയമൂറുന്ന വരികളുയരാത്തിടത്തോളം
മഴ പെയ്യുന്നത് മുറിവേല്‍പ്പിച്ചുകൊണ്ടു തന്നെയാകും...

ഭ്രാന്തന്‍ കുതിര


ഭ്രാന്തന്‍ കുതിരയെ മെരുക്കാന്‍ ശ്രമിച്ച്
അവന്‍ മടുത്തിരിക്കുന്നു.
ചന്തയില്‍ നിന്നുള്ള വഴിയിലെങ്ങോ
കടിഞ്ഞാണ്‍ നഷ്ടമായിപ്പോയി.
ഇനിയിപ്പോള്‍ അമര്‍ത്തി ഒരു ചുംബനം നല്‍കാം
ആര്‍ദ്രമായ നോട്ടം കണ്ണുകളിലേയ്ക്കയച്ച് ,
സ്നേഹം കൊണ്ട് തലോടി നോക്കാം.

Friday, April 26, 2013

ഇന്ന് മുഖപുസ്തകംകലാലയത്തിന്‍റെ കവാടത്തില്‍ നിന്ന്,
ഉള്ളില്‍ അലയ്ക്കുന്ന തിര തള്ളല്‍ മറികടക്കാനാകാതെ
ഓടിയത്, ബ്ലാക്ക് ബോര്‍ഡില്‍ മുറിവുണ്ടാക്കാന്‍ ...
ചോക്കു കൊണ്ടെഴുതിയ ഹൃദയത്തെ
പേറുന്ന കറുത്ത പ്രതലം പോലെ
ഇന്ന് മുഖപുസ്തകം....

മഴ നനഞ്ഞതിന്‍റെ ഭ്രാന്ത്...


ഇടവഴികളില്‍ കാത്തു നിന്ന സൂര്യന്,
അതി മൃദുവായി ഒരു ചുംബനം
പുലരിമഞ്ഞിന്‍റെ തുള്ളിയ്ക്ക്
തട്ടിത്തെറിച്ചു പോകുന്ന വെയിലിന്‍റെ
ചിരി...
ചിരിക്കുന്ന പൂവുകള്‍ക്ക്
മഴ നനഞ്ഞതിന്‍റെ ഭ്രാന്ത്...

നെഞ്ചിന്‍റെ ചൂട്.....

കാലമൊരു മഴയായി പെയ്തു.
പകല്‍ കണ്ട് മിണ്ടാതെ നിന്ന
ഇലക്കൂമ്പുകള്‍ ഒരു മഴയില്‍
ലോകം മറന്ന് നൃത്തത്തില്‍ ...
മരിച്ചു കിടന്ന മണ്ണിന്‍റെ
മഴ ഗന്ധത്തില്‍ ഒലിച്ചു
പോയ നെഞ്ചിന്‍റെ ചൂട്.....