Sunday, January 19, 2014

വൈന്‍ ഷോപ്പ്

സ്വപ്നങ്ങള്‍ വില്‍ക്കുന്ന വൈന്‍ ഷോപ്പ്
ഉണക്കി വച്ചിരിക്കുന്ന ഇറച്ചിക്കു മുകളില്‍
രണ്ട് ഈച്ചകള്‍ ഇണ ചേരുന്നു
അവരും സ്വപ്നത്തിലാണ്...
വൈന്‍ ഷോപ്പ് നിറയെ ഈച്ച കുഞ്ഞുങ്ങള്‍
ഒരു സാമ്രാജ്യത്തിന്‍റെ ഉദ്ഘാടനം
പുളിയും മധുരവുമുള്ള
ചുവന്ന വൈന്‍ കുപ്പിയടപ്പില്‍
ലഹരി നുണഞ്ഞ് ഇരുന്നപ്പോഴാണ്
പ്രണയിനി ഈച്ചയ്ക്ക് പ്രാണവേദന വന്നത്
ഉള്ളുരുകുന്നു...
ഉയിരു കലങ്ങുന്നു...
വഴുക്കലുള്ള വൈന്‍ തുള്ളികളില്‍ 
കാലുളുക്കി വീണപ്പോള്‍ തന്നെ
അവളില്‍ നിന്നൊരു തുണ്ട് 
ചിതറിത്തെറിച്ചു പോയി
ചുവന്ന മധുരനീരിന്‍റെ 
മുകളില്‍ വെറുതേ കിടന്ന്
അവനപ്പോഴും 
സ്വപ്നം കാണുകയാണ്...
വ്യാപാരി വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന
നിറമുള്ള സ്വപ്നങ്ങള്‍ ...

Saturday, January 18, 2014

ശാന്തം സുന്ദരം...

ഒരു മരണത്തില്‍
എന്തൊക്കെ
സംഭവിക്കുന്നു

കുറച്ചു ദുരൂഹത
ചില വെളിപ്പെടുത്തലുകള്‍

ഏറെയും വെളിപാടുകള്‍
പൂത്തിരി കത്തിക്കല്‍
ബിയര്‍ കുപ്പി
പൊട്ടിക്കല്‍

ആഘോഷം ചത്തൊടുങ്ങുമ്പോള്‍
മരിച്ചവള്‍
പുനര്‍ജ്ജനികും
പിന്നെയവള്‍
നിലവിളിക്കും
ജീവന്‍ നിഷേധിച്ചവര്‍ക്ക്
വിധിയെഴുതും

ശാന്തം
സുന്ദരം...

Sunday, January 5, 2014

തുഴയില്ലാത്ത തോണി

തുഴയില്ലാത്ത തോണിയില്‍
ഒറ്റയ്ക്കു 
വിഷാദിയായ്
മഴമേഘങ്ങളെ കാത്ത്
തപസ്സിരിക്കുന്നവള്‍
നിന്‍റെ മൌനത്തിന്
അലുക്കുകള്‍ തീര്‍ത്ത്
മഞ്ഞച്ച മരത്തോപ്പുകള്‍
നൃത്തത്തിലാണ്.

ഇന്നലെ ഈ പുഴയിലാണ്
അവളുടെ അപര
മുങ്ങി മരിച്ചത്.
ഫെയ്ക്കുകളുടെ
പ്രണയത്തില്‍
അവള്‍ തളര്‍ന്നു തുടങ്ങിയ
ഒരു നിമിഷത്തിലാണ്,
അപര സ്വന്തമായി
പുസ്തകമെഴുതിത്തുടങ്ങിയത്.


അവള്‍ എന്നും വിഷാദത്തിലായിരുന്നു
വിശപ്പില്ലാതെ
അക്ഷരങ്ങളില്ലതെ
പ്രണയമില്ലാതെ
മുഖമില്ലാതെ
ലോകത്തെ വീടിനു
പുറത്തേയ്ക്കെടുത്തു വച്ച്
അവള്‍ എന്നുമുറങ്ങി...

ഒരിക്കല്‍ കണ്ണാടിയില്‍
മുഖം നോക്കിയിരുന്നപ്പോഴാണ്
അപര കണ്ണാടിയില്‍
നിന്ന് അവളിലേയ്ക്ക്
ഇറങ്ങി നടന്നത്.
പിന്നെയവള്‍
വിഷാദത്തിലായി
ചിലപ്പോള്‍ ഉന്‍മാദത്തില്‍
ചുവടുകള്‍ മറന്ന്
നൃത്തം ചവിട്ടി

അപരയുടെ വരിഞ്ഞു മുറുകല്‍
നിലക്കുന്നതും നോക്കി
എത്ര ദിനങ്ങള്‍
മാസങ്ങള്‍
ആണ്ടുകള്‍ ...
ഒരിക്കല്‍ നിവൃത്തിയില്ലാതെ
അവള്‍ മുഖം നോക്കുന്ന
കണ്ണാടി നിലത്തെറിഞ്ഞു.
ചിതറിക്കിടന്ന
ചില്ലുകളില്‍
അപരയുടെ പൊട്ടിപ്പോയ
മുഖക്കഷ്ണങ്ങള്‍
ഉണ്ടായിരുന്നു.
പിന്നീടവള്‍
സുഖമായി കിടന്നുറങ്ങി
ദിവസങ്ങളോളം.

Thursday, January 2, 2014

യുക്തിവാദി

യുക്തിവാദിയുടെ വിശപ്പിനു 
തീവ്രത കുറവാണ്
ചിന്തകള്‍ കഴിച്ച് 
പുസ്തകങ്ങള്‍ കുടിച്ച് 
ജീവിതം മടുക്കുമ്പോള്‍ 
ടോം ആന്‍ഡ് ജെറി കണ്ട്
നാളെ ആര്‍ക്കു ഹൃദയം നല്‍കണമെന്ന്
സ്വപ്നം കണ്ട്
യുക്തിവാദി പുല്‍പ്പായയില്‍ മയങ്ങുന്നു.

ഒരിക്കല്‍ ഒരു തീവ്രവാദി
ഈശ്വരനെ കുറിച്ച് വാചാലനായപ്പോള്‍
യുക്തിവാദി അയല്‍വാസിയെ
സ്നേഹിക്കുന്നതിനെ കുറിച്ച് സംസാരിച്ചു.
ഒരിടത്തൊരു ഉത്സവസമയത്ത്
കൂത്താടി നടന്ന പാപ്പാനെ ചങ്ങലയില്‍ തളച്ച്
ആനയെ കാട്ടിലേയ്ക്ക് മേയാന്‍ വിട്ട കഥയുമുണ്ട്.

ഒരിക്കലൊരു വിപ്ലവകാരി യുക്തിവാദിയോട് ചോദിച്ചത്രേ,
"നിങ്ങളാരാ ചെഗുവേരയോ? "
കയ്യിലൊരു വെള്ളക്കൊടി പിടിച്ച്
ചെഗുവേരയുടെ മുഖമണിഞ്ഞ്
യുക്തിവാദി അനാഥര്‍ക്കിടയില്‍ നടക്കുന്നു.
രക്തമിറ്റിയ കലാപ ഭൂമിയില്‍
വെള്ളക്കൊടി നാട്ടി സമാധാനത്തെ കുറിച്ച് സംസാരിക്കുന്നു.
വഴിയവസാനിക്കുന്നിടത്ത് യുക്തിവാദി വെട്ടേറ്റു വീണു
കൃത്യം മുപ്പതു വെട്ട്...
യൂദാസിന്‍റെ മൂടുപടമിട്ട്
രാഷ്ട്രീയക്കാരനും തീവ്രവാദിയും
പിന്നിലൂടെ ഓടിയൊളിച്ചത്
യുക്തിവാദി വ്യക്തമായി കണ്ടു
സ്നേഹത്തിന്‍റെ വെള്ളക്കൊടി പുതപ്പിച്ച്
യുക്തിവാദി കിടന്നുറങ്ങുമ്പോള്‍
കയ്യിലൊരു റീത്തുമായി വീണ്ടും അവരെത്തി
അരാഷ്ട്രീയതയുടെ കലാപത്തില്‍
യുക്തിവാദി സ്വയം ബലിക്കൊടിയായി...
അപ്പോഴും അയാള്‍ സ്നേഹം നിറച്ചു സൂക്ഷിച്ച
ആയിരം വീഞ്ഞു പാത്രങ്ങളില്‍ നിന്ന് ആയിരം യുക്തിവാദികള്‍
പിറന്നിരുന്നു...

Monday, December 30, 2013

ആത്മഹത്യ

കണ്ണില്‍ കണ്ട വഴികളിലൊക്കെ തിരഞ്ഞു
എവിടെയാണ്, ശരീരം നഷ്ടപ്പെട്ടതെന്ന്.
കനവാണോ സത്യമാണോ
ഒരു രാത്രി അവളുടെ ശരീരം അപ്രത്യക്ഷമായി
നിലാവിന്‍റെ വെളിച്ചത്തില്‍
വെറുതേ കഥപറഞ്ഞിരുന്നപ്പോഴാണ്,
ചുവന്ന കണ്ണുള്ള ചെന്നായ വന്നത്.
അവന്‍റെ മൂര്‍ച്ചയുള്ള നഖങ്ങളില്‍
മാംസം പോറി പറ്റിയിരുന്നതും കണ്ടതാണ്
പിന്നീടെപ്പോഴോ നീണ്ട ഒരു ഉറക്കത്തിനൊടുവില്‍
അവളുടെ ശരീരം കാണാതെയായി.
പൊട്ടക്കിണറിലും സാരിത്തുമ്പിലും
സയനേഡ് കുപ്പിക്കരികിലും അവള്‍ സ്വയം തിരഞ്ഞു
ഒടുവില്‍ കണ്ടെത്തിയപ്പോള്‍
നഗ്നമായി കിടന്ന ശരീരത്തിനടുത്ത്
ഒട്ടിയ വയറുമായി ഒരു കുഞ്ഞു ശരീരം
തുറിച്ച കണ്ണില്‍ വിശപ്പിന്‍റെ നിലവിളി
അവളുടെ ശരീരത്തിന്, അപ്പോഴും ചൂടാറിയിരുന്നില്ല.
മുലപ്പാലിന്‍റെ മണം തിരഞ്ഞ് വിശപ്പിന്‍റെ
കൈകള്‍ അവളില്‍ അലഞ്ഞു കൊണ്ടേയിരുന്നു.
ശരീരമെന്നത് വിശപാറ്റുന്ന യന്ത്രമാണെന്ന് ആ തിരയിലിനൊടുവില്‍ അവള്‍ ഡയറിയുടെ അവസാന താളില്‍ കുറിച്ചു വച്ചു.
പിന്നെ ആത്മഹത്യ ചെയ്തു.

Sunday, December 29, 2013

അഷ്ടപദി

ഇടയ്ക്ക കൊട്ടാന്‍ വന്ന ചെക്കനോട് ഭഗവതിയ്ക്ക് അനുരാഗം തുടങ്ങിയത് ഉത്സവത്തിനാണ്.
ഏകാന്തതയുടെ എത്രയോ നേരങ്ങളില്‍ മരവിപ്പിന്‍റെ നിറമില്ലാത്ത നിമിഷങ്ങള്‍ എണ്ണിയെണ്ണി മടുത്തിരുന്നു.
ശ്രീകോവിലില്‍ നിന്ന് നോക്കുമ്പോള്‍ അവന്, സ്വര്‍ണത്തിന്‍റെ നിറം.
എരിയുന്ന ദീപം പകര്‍ന്ന മുഖവുമായി അങ്ങനെ ജ്വലിച്ചു നില്‍ക്കുമ്പോള്‍ ഭഗവതി അവനെ നോക്കിയിരുന്നു.
ഉത്സവത്തിന്‍റെ അവസാന ദിവസം മാറിലണിഞ്ഞിരുന്ന തെച്ചിപ്പൂ മാല പൂജാരി അവനു നല്‍കിയപ്പോള്‍ ഭഗവതി ചിരിച്ചു.
തെച്ചിയുടെ ഓരോ ഇതളിലും അടങ്ങാത്ത അനുരാഗത്തിന്‍റെ തീയുണ്ട്.
പിന്നീടവന്‍ വന്നില്ല.
ഓരോ ദിനവും ശ്രീകോവില്‍ തുറക്കുമ്പോള്‍ ഭഗവതി പുറത്തേയ്ക്ക് നോക്കി അവന്‍റെ മുഖം തിരഞ്ഞു.
ആ അനുരാഗത്തിന്‍റെ ചൂട് കൊണ്ടാകാം കരിയാത്ത തെച്ചി മാലയുമായി വന്‍ ഒരിക്കല്‍ നടയ്ക്കലെത്തിയത്.
ഏറെ നേരം കരിനീലിച്ച മുഖത്തേയ്ക്ക് നോക്കിയിരുന്നു
പിന്നെ അഷ്ടപദി പാടി...

"താമഥ മന്മഥഖിന്നാം
രതിരസഭിന്നാം വിഷാദസമ്പന്നാം
അനുചിന്തിതഹരിചരിതാം
കലഹാന്തരിതമുവാച സഖീ"

ശിലയില്‍ നിന്ന് ഉലഞ്ഞു വന്ന ഭഗവതീ ചൈതന്യം അവന്‍റെ ഇടയ്ക്കയില്‍ താളമായി
അവനോ തിരികെ മടങ്ങാനാകാത്ത ഒരു പ്രകാശത്തിലേയ്ക്ക് ഊര്‍ന്നു പോവുകയും.
പിന്നീട് അവന്‍ ഭഗവതിയുടെ നടയില്‍ നിന്ന് പോയിട്ടില്ലത്രേ...
രാവുകളില്‍ അവന്‍റെ കൈത്തണ്ടയില്‍ അവനറിയാതെ കിടന്നുറങ്ങി
ഭഗവതി അവനായി തീര്‍ന്നു...
പിന്നീടെന്നോ ശരീരത്തിനപ്പുറം കടന്ന് അവന്‍ അനുരാഗ നദിയില്‍ അലിഞ്ഞു ചേര്‍ന്നു.

Saturday, December 14, 2013

ഒറ്റയായ കവി


കവി ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍
കവിതയെ കുറിച്ചോര്‍ക്കുന്നു
ചിത്രശലഭങ്ങളെ ശ്രദ്ധിക്കുമ്പോള്‍
പ്രണയിനി നൃത്തം വയ്ക്കുന്ന പോലെ
കവിതയ്ക്കുള്ളിലെ മഴവില്ലിനെ
ആരാണ്, ശലഭമാക്കിയതെന്ന്
കവി ചോദിക്കുമ്പോള്‍
"അതു നീയല്ലേ പ്രിയനേ..."
എന്ന് മറുമൊഴി
പ്രണയിനി പാടുന്നു
കവി എഴുതിയ ശോകഗാനം
ആള്‍ത്തിരക്കിലൊറ്റയ്ക്ക് നിന്ന്
അയാള്‍ വീണ്ടും കവിത രചിയ്ക്കുകയാണ്.
ഇത്തവണ ദുഖത്തിന്‍റെ സത്യത്തെ കുറിച്ച്
"എന്‍റെ ദുഖം നരകത്തീയല്ല കവിത"യെന്ന്
കവി വിളിച്ചു കൂവുന്നു
ഒപ്പമുള്ള പ്രണയിനിയെ പോലും കാണാതെ
അയാള്‍ കവിത ചമച്ചു കൊണ്ടേയിരിക്കുകയാണ്.
തീയിലുരുകി
അകം വീര്‍ത്ത്
ഉറക്കെ കരഞ്ഞ്...
അപ്പോള്‍ പ്രണയിനിയോ,
അവനില്‍ അവളെ തിരഞ്ഞ് അവനിലലഞ്ഞു കൊണ്ടേയിരിക്കുകയും.